ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി മഞ്ഞളി പതാവിനു തൃശ്ശൂർ അതിരൂപതയുടെ അഭിനന്ദനങ്ങൾ തൃശൂര്‍: അലഹബാദ് രൂപത ബിഷപ് ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപത ആര്‍ച്ച്ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആഗ്ര ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് അറുപത്തിരണ്ടുകാരനായ ഡോ. റാഫി മഞ്ഞളിയെത്തേടി പുതുനിയോഗമെത്തിയത്. ഇദ്ദേഹം നിലവില്‍ റോമിലെ മതാന്തര സംവാദ കൗണ്‍സില്‍ അംഗം കൂടിയാണ്. 2007 ഫെബ്രുവരി 24ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഡോ. റാഫി മഞ്ഞളിയെ വാരാണസി ബിഷപ്പായി നിയമിച്ചത്. ഏപ്രില്‍ 30നായിരുന്നു സ്ഥാനാരോഹണം. 2013 ഒക്ടോബര്‍ 17ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ അലഹബാദ് ബിഷപ്പായി നിയമിച്ചു. ഡിസംബര്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. വീണ്ടും ഏഴുവര്‍ഷം കഴിയുമ്പോഴാണ് പുതുനിയോഗം. തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ മഞ്ഞളി എം.വി.ചാക്കോയുടെയും കത്രീനയുടെയും മകനായി 1958 ഫെബ്രുവരി ഏഴിനു ജനിച്ചു. വെണ്ടോര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും അളഗപ്പ നഗര്‍ ത്യാഗരാജാര്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയിലും അലഹബാദ് സെന്റ് ജോസഫ്‌സ് റീജിയണല്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1983 മേയ് 11ന് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. ആഗ്ര യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയശേഷം റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, സെന്റ് പീറ്റേഴ്‌സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, സെന്റ് ഡൊമിനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അലഹബാദ് സെന്റ് ജോസഫ് റീജിയണല്‍ സെമിനാരി പ്രഫസര്‍, വൈസ് റെക്ടര്‍, റെക്ടര്‍, ആഗ്ര കത്തീഡ്രല്‍ വികാരി എന്നീ നിലകളില്‍ സ്തുത്യര്‍ഹസേവനം ചെയ്തശേഷമാണു വാരണാസി ബിഷപ്പായി നിയമിതനായത്. ബിഷപ്പായിരിക്കെ, സുവിശേഷ പ്രഘോഷണ കമ്മീഷന്റെ റീജിയണല്‍ ചെയര്‍മാന്‍, സിബിസിഐയുടെ എക്യുമിനിസം ആന്‍ഡ് മതാന്തര സംവാദ കൗണ്‍സില്‍ അംഗം, സിസിബിഐയുടെ സുവിശേഷ പ്രഘോഷണ കമ്മീഷന്‍ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിവന്ദ്യ റാഫി മഞ്ഞളി പതാവിനു തൃശ്ശൂർ അതിരൂപതയുടെ അഭിനന്ദനങ്ങളു० പ്രാർത്ഥനകളു०. ഫാ. നൈസൺ ഏലന്താനത്ത് തൃശൂർ അതിരൂപത പിആർഒ
Back to News